ഒന്ന്ഇനിയും പുകവലിച്ചാല്‍
കരള്‍ വാടിപ്പോകുമെന്നു ഡോക്ടര്‍
ആ പൂവു പണ്ടേ കൊഴിഞ്ഞതാണന്നു ഞാന്‍
വലി തുടര്‍ന്നാല് നിന്നെയെനിക്കു
നഷ്ടപ്പെട്ടേക്കുമെന്നു ഗ്രേസി
എനിക്കു എന്നെതന്നെ
നഷ്ടപ്പെട്ടുപോയെന്നു ഞാന്
ബീഡി വലിക്കുന്ന കഥാപാത്രമായി
നിന്നെ കാണാന്‍ വയ്യെന്നുകഥാക്യത്തായ ചങ്ങാതി
ഒരു കഥയിലും എന്നെ കൂട്ടെണ്ടെന്നു ഞാന്
നിന്റെ ചുണ്ടുകള്‍ കറുത്ത് പോയെന്നു അവള്
സിഗരറ്റ് ഗന്ധമുള്ള ഒരു ചുംബനം പോലും
അവശേഷിക്കുന്നില്ലെന്നു ഞാന്‍
എന്തിനാണിങ്ങനെ സ്വയം നശിക്കുന്നതെന്നു ജിനു
മറ്റുള്ളവരെ നശിപ്പിക്കാനറിയാത്തതു കൊണ്ടാണെന്ന് ഞാന്
നേരം വൈകി വന്നകെ.എസ്.ആര്‍..ടി
ബസ്സുകളാണു തന്നെ വലി പഠിപ്പിച്ചതെന്നു അപരിചിതന്‍
ഒരിറ്റു വെളിച്ചത്തിനാണു ആദ്യമായി ബീഡി കത്തിച്ചതെന്നു ഞാന്‍
നീയൊരു ചെയിന്‍ സ്മോക്കറാണെന്ന്
എല്ലാവരും പറയുന്നെന്നു ചേട്ടത്തി
തീയുണ്ടാകാതെ പുകയുണ്ടാവില്ലെന്നു ഞാണ്‍
ഇവിടെ പുകവലി പാടില്ലെന്നു
ആശുപത്രിയിലെ പരസ്യപ്പലക
മേറ്റെന്തു വേണമെങ്കിലും ആവാമോയെന്നു ഞാന്
സ്വയംഹത്യ ദൈവം പൊറുക്കില്ലെന്നു ഇടവക വികാരി
ദൈവം വലിക്കുന്ന സിഗരറ്റിന്റെ പുകയാണുമേഘങ്ങളെന്നു ഞാന്
രണ്ടുകൂട്ടിനാരുമില്ലാത്ത ഈ രാത്രിയില്‍
അത്മാവുള്ള സിഗരറ്റിനു തീ കൊളുത്തി
ദൈവമേ മേഘങ്ങളിലേക്കു പറക്കാന്‍ പറഞ്ഞയക്കണേ
-------------------------------------------------------------------------
കുഴൂര്‍ വില്‍സണ്‍
മുല്ലക്കാട്ട് പറമ്പില് ഔസേപ്പിന്റെയും അന്നംകുട്ടിയുടെയും മകനായി 1975 സെപ്തമ്പര്‍ 10 നു ത്രിശ്ശൂര്‍ ജില്ലയിലെ കുഴൂരില്‍(kuzhoor) ജനിച്ചു. മീനാക്ഷി ആശാത്തിയുടെ എഴുത്തുപുരയില്‍ ഹരിശ്രീ കുറിച്ചു.ശ്രീക്യഷ്ണവിലാസം എല്‍.പി.സ്ക്കൂള്‍, ഐരാണിക്കുളം സര്‍ക്കാര്‍ സ്ക്കൂള്‍,പനമ്പിള്ളി സ്മാരക സര്‍ക്കാര്‍ കോളേജ്,സെന്റ്.തെരസാസ് കോളേജ് കോട്ടയ്ക്കല്‍,എസ്.സി.എം.സ്(Scms)കൊച്ചിന്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. ചന്ദ്രിക ദിനപത്രം, ഡി-നെറ്റ്,കലാദര്‍പ്പണം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു.ഇപ്പോള്‍ ഏഷ്യാനെറ്റ്(Asianet)ദുബായ് ബ്യൂറോയില്‍.ഏഷ്യാനെറ്റ് റേഡിയോയില്‍ (Asianet radio 648 AM)വാര്‍ത്താ അവതാരകന്‍. "ഉറക്കം ഒരു കന്യസ്ത്രീ" (ഖനി ബുക്ക്സ്),ചിത്രകാരന്‍ സി.സുധാകരനുമായി ചേര്‍ന്നു സ്ക്കൂളിനെക്കുറിച്ചുള്ള ചെറുകാവ്യം -" ഇ" (പാപ്പിയോണ്‍), പ്രവാസത്തിന്റെ പുസ്തകമായ" വിവര്‍ത്തനത്തിനു ഒരു വിഫലശ്രമം" (പ്രണത) ഹരിതകം.കോം പ്രസിദ്ധീകരിച്ച 10 കവിതകള്‍ അടങ്ങിയ ഇ-ബുക്ക് എന്നിവയാണു ക്യതികള്‍. കവിതക്കുള്ള എന്‍.എം.വിയ്യോത്ത് സ്മാരക പുരസ്ക്കാരം, അറ്യേബ്യ സാഹിത്യ പുരസ്ക്കാരം എന്നിവ ലഭിച്ചു. ഷാര്‍ജ ഔര്‍ ഓണ്‍ (Sharajah Our own school)സ്ക്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ മേരി മാത്യുവാണു
ഭാര്യ.
-------------------------------------------------------------------------